സിപിഎം നേതാവ് പി.വി. വര്‍ഗീസ് വൈദ്യര് മുന്‍കൈയെടുത്ത് രൂപീകരിച്ച സ്പെഷല്‍ പര്‍പസ് സൊസൈറ്റിയാണ് ഇപ്പോള്‍ വയനാട്ടിലും പുറത്തും ചര്‍ച്ചയായ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി (ബിഡിഎസ്). സൊസൈറ്റിയുടെ മറവില്‍ കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം നേരിടുകയാണ് സിപിഎം.
വിവിധ പ്രോജക്ടുകളുടെ ഫലപ്രദമായ നിര്‍വഹണത്തിനു സൊസൈറ്റി അറുനൂറില്പരം വ്യക്തികളില്‍നിന്നും പത്ത് സഹകരണ ബാങ്കുകളടക്കം ധനകാര്യ സ്ഥാപനങ്ങള്‍, ക്ഷീരസംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, പ്രവാസി സംഘടനകള്‍ എന്നിവിടങ്ങളില്‍നിന്നും 9.5 മുതല്‍ 10.5 വരെ ശതമാനം പലിശ വാഗ്ദാനം ചെയ്ത് അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള വായ്പ വാങ്ങിയിരുന്നു. വായ്പയ്ക്ക് പലിശപോലും ലഭിക്കാതെ ആളുകള്‍ യാതന അനുഭവിക്കുന്ന കഥകൾ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി.
അതോടെ നിക്ഷേപത്തട്ടിപ്പെന്നു വ്യാഖ്യാനിച്ച് കോണ്‍ഗ്രസും മുസ്ലിംലീഗും ഉള്‍പ്പെടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. വന്‍ അഴിമതിയും ധൂര്‍ത്തും നടത്തിയെന്ന ആരോപണവുമുണ്ട്. 120 കോടി രൂപ ബാധ്യതയില്‍ വ്യക്തികള്‍ക്കു നല്‍കാനുള്ള 80 കോടി രൂപയുടെ ഉത്തരവാദിത്വംപോലും സിപിഎം ഏറ്റെടുക്കുന്നില്ല. മലബാര്‍ മീറ്റ് ഫാക്ടറിയില്‍ വിചാരിച്ചപോലെ ഉത്പാദനം നടക്കാത്തതാണ് സൊസൈറ്റിയുടെ പ്രതിസന്ധിക്കു കാരണമെന്നു സിപിഎം പറയുന്നു.
പക്ഷേ, വായ്പ നല്കിയവരുടെമേല് മുറുകിയ കുരുക്ക് അഴിക്കുന്നത് പാര്‍ട്ടി ഉത്തരവാദിത്വമായി അവര്‍ കാണുന്നില്ല. മലബാര്‍ മീറ്റ് ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിക്കുന്ന മുറയ്ക്ക് പണം ലഭിച്ചുതുടങ്ങുമെന്ന ഒഴുക്കന്‍ വര്‍ത്തമാനമാണ് സിപിഎം നേതൃത്വവും സൊസൈറ്റി ഡയറക്ടര്‍മാരും പറയുന്നത്.
പ്രശ്നം മലബാര്‍ മീറ്റ്, കേരള ചിക്കന്‍ പ്രോജക്ടുകള്‍
വയനാട്ടിലെ കര്‍ഷക ജനതയെ സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ 1999ല്‍ കൃഷിവകുപ്പിനു കീഴില്‍ പ്രത്യേക ഉത്തരവിലൂടെയായിരുന്നു ബിഡിഎസിന്റെ പിറവി. വര്‍ഗീസ് വൈദ്യര് ചെയര്‍മാനായ സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഒന്നോ രണ്ടോ പേരൊഴികയുള്ളവര് ജില്ലയിലെ സിപിഎം പ്രമുഖരായിരുന്നു. ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികളാണ് തുടക്കത്തില്‍ സൊസൈറ്റി നടത്തിയത്. തീറ്റപ്പുല്‍കൃഷിയിലും സാനിറ്ററി ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വിതരണത്തിലുമായിരുന്നു ആദ്യകാലത്ത് ശ്രദ്ധ.
കര്‍ഷകസംഘം നേതാവ് പി. കൃഷ്ണപ്രസാദ് അമരത്ത് എത്തിയതോടെയാണ് ‘കാര്‍ഷിക ബദല്‍’ എന്ന ആശയം മുന്‍നിര്‍ത്തി സൊസൈറ്റി കര്‍മമണ്ഡലം വിപുലീകരിച്ചത്.
മലബാര്‍ മീറ്റ്, വയനാട് കോഫി, ഫാര്‍മേഴ്സ് ട്രേഡ് മാര്‍ക്കറ്റ് തുടങ്ങിയവ കാര്‍ഷിക ബദലിന്റെ ഭാഗമായി. കേരള ചിക്കന്‍ പ്രോജക്ടിന്റെ നോഡല്‍ എജന്സിയായും ബിഡിഎസ് പ്രവര്‍ത്തിച്ചു. ഇതില്‍ മലബാര്‍ മീറ്റ്, കേരള ചിക്കന്‍ പ്രോജക്ടുകളാണ് സൊസൈറ്റിയെ നിലയില്ലാക്കയത്തിലാക്കിയത്. കാര്‍ഷിക ബദല്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഇറങ്ങിത്തിരിച്ച കൃഷ്ണപ്രസാദ് സ്വന്തം സ്വത്തും ബന്ധുവിന്റെ സ്വത്തും ബാങ്കില്‍ പണയപ്പെടുത്തി ലക്ഷക്കണക്കിനു രൂപ സൊസൈറ്റിക്കുവേണ്ടി വായ്പയെടുത്ത് കടക്കെണിയിലായി. ബ്രഹ്്മഗിരി ഒരു വഴിക്കായപ്പോള്‍ കൃഷ്ണപ്രസാദിനെ ചെയര്മാന് സ്ഥാനത്തുനിന്ന് സിപിഎം ഒഴിവാക്കി. ഇപ്പോള്‍ ഡല്‍ഹി ആസ്ഥാനമായി കര്ഷകസംഘത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
കര്‍ഷകരക്ഷയ്ക്ക് 200 കോടിയുടെ പദ്ധതികള്‍
ബത്തേരി മഞ്ഞാടിയില്‍ വിലയ്ക്കുവാങ്ങിയ കരയും വയലും ഉള്‍പ്പെടുന്ന 14 ഏക്കര്‍ ഭൂമിയില്‍ നബാര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പിന്തുണയോടെ 2013ലാണ് മാംസ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചത്.
സര്‍ക്കാര്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഗ്രാന്റുകള്‍ ലഭിക്കാതിരുന്നത് ഫാക്ടറി പ്രവര്‍ത്തനത്തെ ബാധിച്ചു.
മാംസ സംസ്കരണശാലയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച 10 കോടി രൂപയുടെ വായ്പയില്‍ 2.25 കോടി രൂപ ലഭിച്ചിരുന്നില്ല. ഫെഡറല്‍ ബാങ്കില്‍നിന്ന് ആറു കോടി രൂപ വായ്പയെടുക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ എന്‍ഒസി നിഷേധിച്ചു. ഈ സാഹചര്യത്തില്‍ മാംസ സംസ്കരണശാല എത്രയും വേഗം കമ്മീഷന് ചെയ്യുകയെന്ന ലക്ഷ്യത്തോടെ വായ്പ സമാഹരണ മേള നടത്തിയിരുന്നു.
ക്ഷീരസംഘങ്ങള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍നിന്ന് എടുത്ത 340 ലക്ഷം രൂപ വായ്പയും ആര്‍എസ്വി പദ്ധതിയില്‍ ലഭിച്ച നാലു കോടി രൂപയുടെ ഗ്രാന്റും ഫാക്ടറി ആവശ്യത്തിനു തികയാതെ വന്ന സാഹചര്യത്തിലായിരുന്നു വായ്പാമേള. സൊസൈറ്റിക്കു 17 കോടി രൂപ ഗ്രാന്റും 10 കോടി രൂപ വായ്പയും മാത്രമാണ് സര്‍ക്കാരില്‍നിന്നു ലഭിച്ചത്.
രണ്ട് ഷിഫ്റ്റുപോലും അസാധ്യമായി
ദിവസം മൂന്ന് ഷിഫ്റ്റുകളിലായി 45 ടണ്‍ മാംസം സംസ്കരിക്കാനുള്ള ശേഷി ഫാക്ടറിക്കുണ്ട്. എന്നാല്‍ ഒരു ഷിഫ്റ്റില്‍ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫാക്ടറിയിലേക്ക് ആവശ്യമായ ഉരുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് കാസര്‍ഗോഡിനും പാലക്കാടിനുമിടയില്‍ 30,000ഓളം കര്‍ഷകര്‍ക്ക് ഫാം തുടങ്ങുന്നതിന് സൊസൈറ്റി നബാര്‍ഡ് മുഖേന സഹായം ലഭ്യമാക്കിയിരുന്നു. എങ്കിലും വേണ്ടവിധം ഉരുക്കളെ ഫാക്ടറിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ആന്ധ്രപ്രദേശില്നിന്നും മറ്റും കൊണ്ടുവരുന്ന പോത്തുകുട്ടികളെയാണ് ഫാമുകളില്‍ വളര്‍ത്തിയിരുന്നത്.
ഫാക്ടറിയില്‍ സംസ്കരിക്കുന്ന മാംസം ‘മലബാര്‍ മീറ്റ്’ എന്ന ബ്രാന്‍ഡ് നാമത്തിലാണ് വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഔട്ട്ലെറ്റുകള് മുഖേന വിറ്റഴിച്ചിരുന്നത്. ഫാക്ടറിയില്‍ മാംസോത്പാദനം നിലച്ചതോടെ ഔട്ട്ലെറ്റുകള് ഏറ്റെടുത്തു നടത്തിയിരുന്നവര്‍ ഗതികേടിലായി. മലബാര്‍ മീറ്റിന് വര്‍ധിച്ച ഡിമാൻഡാണ് ഉണ്ടായിരുന്നത്.
അക്രഡിറ്റഡ് സൊസൈറ്റി
കൃഷി, പശുപരിപാലനം, മൃഗസംരക്ഷണം, വ്യവസായം, മാര്‍ക്കറ്റിംഗ്, പരിശീലനം, സേവനം എന്നീ മേഖലകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിനു സൊസൈറ്റിക്ക് മൂന്നു വര്‍ഷത്തെ അക്രഡിറ്റേഷന് 2017ല്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അക്രഡിറ്റേഷന് വ്യവസ്ഥകള്‍ പ്രകാരം അനുവദനീയമായ മേഖലകളിൽ സൊസൈറ്റി ഏറ്റെടുത്ത പരിപാടികളില്‍ പലതും മുളയിലേ കരിഞ്ഞു.
വാരിക്കുഴിയായി കേരള ചിക്കന്‍
2018-19ലെ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള ചിക്കന്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സികളില്‍ ഒന്നായിരുന്നു ബ്രഹ്മഗിരി സൊസൈറ്റി. കേരള ചിക്കന്‍ പദ്ധതിയില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് കര്‍ഷകര്‍ ബ്രഹ്്മഗിരി സൊസൈറ്റിയുമായി സഹകരിച്ച് ഇറച്ചിക്കോഴി ഉത്പാദനം നടത്തിയത്. ആറു ജില്ലകളിലുമായി കോഴിക്കൃഷിയില്‍ ഏര്‍പ്പെട്ട കര്‍ഷകരിൽനിന്നു വിത്തുധനമായി വാങ്ങിയ മൂന്നര കോടി രൂപയും വളര്‍ത്തുകൂലി ഇനത്തില്‍ 50 ലക്ഷം രൂപയും ബ്രഹ്മഗിരി സൊസൈറ്റിയുടെ ബാധ്യതയാണ്.
ചിക്കന്‍ പദ്ധതിയില്‍ അംഗങ്ങളായി ഫാം തുടങ്ങുന്ന കര്‍ഷകര്‍ക്കു കോഴിക്കുഞ്ഞുങ്ങളും തീറ്റയും വെറ്ററിനറി ഡോക്ടറുടേതടക്കം സേവനങ്ങളും വാഗ്ദാനം ചെയ്തിരുന്നു. കര്‍ഷകരില്‍ പലരും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വന്‍തുക വായ്പയെടുത്താണ് ഇറച്ചിക്കോഴി ഉത്പാദനം ആരംഭിച്ചത്. കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ സൊസൈറ്റിക്കു കഴിയാതിരുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. പലരും ജപ്തി ഭീഷണിയിലായി. 2018 ഡിസംബര്‍ 30ന് മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തതാണ് കേരള ചിക്കന്‍ പദ്ധതി. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് കൃത്യമായി ലഭ്യമാക്കാതിരുന്നത് പദ്ധതി അവതാളത്തിലാക്കി. വൈകാതെ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ചെയ്തു.
മുതലും പലിശയും തിരിച്ചുപിടിക്കാന്‍ നീക്കം ഊര്‍ജിതം
സൊസൈറ്റിക്കു വായ്പ നല്കിയവര് മുതലും പലിശയും തിരിച്ചുപിടിക്കാന്‍ സമരത്തിന്റെയും നിയമത്തിന്റെയും വഴിയിലാണ്. ചില ഹര്‍ജികളില്‍ സൊസൈറ്റിയുടെ സ്വത്തുക്കള്‍ അറ്റാച്ച് ചെയ്ത് കോടതി ഉത്തരവായിട്ടുണ്ട്. പരാതിക്കാരെ പോലീസ് അവഗണിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികള്‍ വലിയ വിഷയമായി എടുത്തിട്ടുണ്ട്.
വേണ്ടത് രാഷ്ട്രീയ പരിഹാരം
സൊസൈറ്റിക്ക് വായ്പ നല്കി കെണിയിലായവര്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യപ്പെടുന്നത്. നിലവിലുള്ള ആസ്തികള്‍ മുഴുവന്‍ വിറ്റാലും തീരാത്തതാണ് സൊസൈറ്റിയുടെ ബാധ്യതകൾ. സഹകരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ബിഡിഎസിന് വായ്പ നല്കിയതും വിവാദമായിരിക്കയാണ്.
വായ്പകൊടുത്ത പണം തിരികെ കിട്ടിയില്ലെങ്കില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു മുമ്പില്‍ ജീവനൊടുക്കുമെന്ന് കാണിച്ച് കല്‍പ്പറ്റ സ്വദേശിയും പാര്‍ട്ടി മെംബറും ബ്രഹ്്മഗിരി ജീവനക്കാരനുമായ യുവാവ് മുഖ്യമന്ത്രിക്കും മറ്റും കത്ത് അയച്ചിരുന്നു. 15 ലക്ഷത്തില്‍പരം രൂപ ബ്രഹ്്മഗിരിയില് കുടുങ്ങിയ ഈ യുവാവിന്റെ കുടുംബത്തിലെ മറ്റു മൂന്നു അംഗങ്ങളും വായ്പാ ഇരകളാണ്.